ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈനിൽ നടത്താൻ ആലോചന

പട്ന: കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി നടത്താൻ സാധ്യത. സംസ്ഥാന ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്

കൊറോണ കാരണം തിരഞ്ഞെടുപ്പ് സാധാരണ രീതിയിൽ നടത്താൻ കഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട്
ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന വോട്ടെടുപ്പ് രീതി പോലെ ബീഹാർ തിരഞ്ഞെടുപ്പിലും പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തണം അല്ലെങ്കിൽ ഓൺലൈൻ വഴി തിരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ ക്യൂവിൽ നിൽക്കാതെ വീട്ടിൽ ഇരിന്നു വോട്ടെടുപ്പ് ഡിജിറ്റലായി രേഖപ്പെടത്തുന്നതിലൂടെ വോട്ടിംഗ് രീതിയിൽ പുതിയൊരു മാറ്റം പ്രതീക്ഷിക്കുന്നതായി സുശീൽ മോദി പറഞ്ഞു.

കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ പാർട്ടികൾ ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുക്കാനും വോട്ട് തേടാനും, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിപുലമായ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും സാധ്യതയില്ലെന്ന് സുശീൽ മോദി പറഞ്ഞു. കൂടാതെ കോറോണക്ക് ശേഷമുള്ള കാലഘട്ടത്തിലും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണരീതിയിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് സുശീൽ മോദി പറഞ്ഞു.

ലോകത്തിലെ പല രാജ്യങ്ങളിലും ഓൺലൈൻ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ഇന്ത്യയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അത്തരമൊരു സാധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് സുശീൽ കുമാർ മോദി പറഞ്ഞു.
സംസ്ഥാനത്തെ മിക്ക വീടുകളിലും ടെലിവിഷൻ ഉള്ളതുകൊണ്ട് ചാനലുകളിലൂടെ പ്രചാരണപരിപാടികൾ നടത്താമെന്നും പാർട്ടി പ്രവർത്തകരോട് ഓഡിയോ വീഡിയോ സെഷനുകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.