മുംബൈ: ലോക്ക്ഡൗണിൽ ബിസിനസ്സ് ഇടിഞ്ഞ് ഓല. ലോക്ക് ഡൗൺ മൂലം രണ്ട് മാസത്തിനുള്ളിൽ ബിസിനസ്സ് തൊണ്ണൂറ്റി ഒൻപത് ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും അതിനാൽ 1,400 ജീവനക്കാരെ പുറത്താക്കുമെന്ന് ഓല കമ്പനി അധികൃതർ വ്യക്തമാക്കി.
സ്റ്റാർട്ടപ്പിന്റെ വരുമാനം കഴിഞ്ഞ രണ്ട് മാസത്തിനിടെ 95% കുറഞ്ഞുവെന്നും ബിസിനസ്സിന്റെ പ്രവചനം ഇപ്പോൾ വളരെ വ്യക്തമല്ലാത്തതും അനിശ്ചിതത്വത്തിലും ആണെന്ന് ഓല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. കൊറോണ വൈറസ് പടർന്നുപിടിക്കുന്നതുമൂലം ഈ പ്രതിസന്ധിയുടെ ആഘാതം കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പിരിച്ചുവിടുന്ന ജീവനക്കാർക്ക് സർവീസ് അടിസ്ഥാനമാക്കി മൂന്ന് മാസത്തെ ശമ്പളം നൽകാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരുടെ സാമ്പത്തിക പ്രാരാബ്ധങ്ങൾ കണക്കിലെടുത്ത് ഡിസംബർ 31 വരെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ തുടരും.
ഈ പ്രതിസന്ധി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിച്ചു. അന്താരാഷ്ട്ര തലത്തിലും കമ്പനിക്ക് വലിയ പ്രതിസന്ധി രേഖപ്പെടുത്തിയതായും ഭവിഷ് അഗർവാൾ വ്യക്തമാക്കി.