പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾക്ക് കേന്ദ്ര അനുമതി; ഹോട്ട് സ്‌പോട്ടുകളില്‍ വിലക്ക്

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചു. സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാര്‍ഥി സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിന് ഇളവ് അനുവദിക്കുകയാണെന്ന് കത്തില്‍ പറയുന്നു.

ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടാവരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമുഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ. തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനവും സാനിറ്റൈസറുകളും കേന്ദ്രങ്ങളില്‍ ഒരുക്കണം. വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ശേഷിക്കുന്നഎസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് പരീക്ഷ മാറ്റിവച്ചത്. ഈ മാസം 26 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും പരീക്ഷ നടത്താനുള്ള മുന്‍ തീരുമാനവുമായി മുന്നോട്ടുപോവുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു പരീക്ഷ മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു.