തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സോണിയ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കും

ന്യൂഡെൽഹി : കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴിൽ നിയമത്തിൽ ചില സംസ്ഥാന സർക്കാരുകൾ വെള്ളം ചേർക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുന്നത്. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ച ചെയ്യും.

പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ് വഹിക്കാൻ നേരത്തെ സോണിയ ഗാന്ധി കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾക്ക് നിർദേശം നൽകിയിരുന്നു. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിവസേന നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്. ഇതിൽ പലരും അപകടത്തിൽ പെട്ടു മരിക്കുകയും ചെയ്യുന്നുണ്ട്. വാഹന ഗതാഗതമൊരുക്കണമെന്ന ആവശ്യവുമായിട്ടാണ് നിരവധി തൊഴിലാളികള്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്.

പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നത്.