മരണം കാത്ത് കിടക്കുന്ന മകനെ ഒരുനോക്ക് കാണാൻ വാവിട്ട് കരഞ്ഞ അച്ഛൻ ഒടുവിൽ നാട്ടിലെത്തി; വിധി വീണ്ടും തളർത്തിയ രാംപുകര്‍

ദില്ലി: കുടിയേറ്റ തൊഴിലാളി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് പൊട്ടിക്കരയുന്ന ചിത്രം ലോക്ക്ഡൗണിനിടയിലെ മറ്റൊരു ദൈന്യത ഏറിയ ചിത്രമായിരുന്നു.
പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു.

ചിത്രത്തിൽ കാണുന്നത് : രാംപുകര്‍ പണ്ഡിറ്റ് എന്ന കുടിയേറ്റ തൊഴിലാളിയാണ്. ദില്ലിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ ബിഹാറിലെ ബാഗുസാരായിയിലാണ് രാംപുകറിന്റെ വീട്. ഒരു വയസ്സ് പോലും പ്രായമാകാത്ത മരണം കാത്തു കിടക്കുന്ന മകനെ ഒരു നോക്ക് കാണാനുള്ള ആ​ഗ്രഹമാണ് ആ കരച്ചിൽ.
ഫോട്ടോ ഇനശ്രദ്ധ നേടിയതോടെ മറ്റുള്ളവരുടെ സഹായത്തോടെ രാംപുകര്‍ തന്റെ നാട്ടിലെത്തി. എന്നാല്‍, മകനെ ജീവനോട് ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹമിപ്പോള്‍ ബെഗുസാരായിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്.

രാംപുകർ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്. എന്റെ മകന് ഒരു വയസ്സ് പോലും ആയിട്ടില്ല. മരണം കാത്തുകിടക്കുന്ന കുഞ്ഞിനെ കാണാൻ വേണ്ടി നാട്ടിലെത്തണമെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടും സമ്മതിച്ചില്ല. എനിക്ക് പിന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ കാറില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. എന്നാല്‍, പൊലീസ് അനുവദിച്ചില്ല. പിന്നെ ഒരു സ്ത്രീയെത്തി എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെനിക്ക് അമ്മയെപ്പോലെയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഞാന്‍ ബെഗുസാരായിയിലെത്തിയത്. മകന്‍ ഇല്ലാത്ത വീട്ടില്‍ പോകുന്നത് എനിക്ക് ആലോചിക്കാന്‍ പോലും ആകുന്നില്ല.