കൊറോണക്കാല ചിത്രീകരണം; ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി

അമ്മാൻ: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് പുനരാരംഭിച്ചിരുന്നു. നടന്‍ പൃഥ്വിരാജ് തന്‍റെ ഫെയ്‌സ്ബുക്കിലൂടെയാണ് വാര്‍ത്ത അറിയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോര്‍ദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയതും വാര്‍ത്തയായിരുന്നു.

ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. എന്നാൽ കര്‍ഫ്യൂ നിയമങ്ങളില്‍ ഇളവ് വന്നതോടെ പിന്നീട് ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്.

വിറ്റഴിഞ്ഞ കോപ്പികളുടെയും പതിപ്പുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ച ബെന്യാമിന്‍റെ നോവലാണ് അതേ പേരില്‍ ചലച്ചിത്രമാവുന്നത്. 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.