തൊഴിലുറപ്പ് പദ്ധതിയിൽ 40,000 കോടി അധികമായി ലഭ്യമാക്കും

ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം അറിയിച്ചത്. ആരോഗ്യമേഖലയിൽ കേന്ദ്രം കൂടുതൽ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി,ഗ്രാമീണ–നഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം,കമ്പനീസ് ആക്ട് ലളിതമാക്കൽ,കോവിഡ് കാലത്തെ ബിസിനസ്,സംരംഭങ്ങൾ എളുപ്പത്തിൽ നടപ്പാക്കൽ,പൊതുമേഖല സ്ഥാപനങ്ങൾ,സംസ്ഥാനങ്ങൾക്കുള്ള പ്രഖ്യാപനം തുടങ്ങി എഴുമേഖലകളുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ പ്രഖ്യാപനം.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നൽകിയത് 10,025 കോടി രൂപയാണെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമൻ വാർത്താസമ്മേളനം തുടങ്ങിയത്. സാധാരണക്കാരന് അന്ത്യോദയ അന്ന യോജന വഴി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി പ്രധാനമന്ത്രിയുടെ ഭൂമി, തൊഴിൽ, പണലഭ്യത, നിയമം (Land, Labour, Liquidity And Law) എന്നീ മേഖലകളിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന പരാമർശവും ധനമന്ത്രി ഊന്നിപ്പറഞ്ഞു.

കുടിയേറ്റത്തൊഴിലാളികൾക്ക് രാജ്യത്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കായി പദ്ധതികൾ ആവശ്യമുണ്ട്. ഇതുവരെ അന്ത്യോദയ അന്ന യോജന, കിസാൻ കല്യാൺ യോജന, ജൻധൻ യോജന, ഉജ്വല യോജന എന്നീ പദ്ധതികൾ വഴി എത്തിച്ച പണത്തിന്‍റെ കണക്കുകളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കർഷകർക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 25000 കോടി നൽകി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടർ നൽകി. കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തിൽ 85% തുകയും കേന്ദ്രസർക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും നിർമലാ സീതാരാമൻ.

ലോക്ഡൗൺ ആരംഭ സമയത്ത് ജനങ്ങളുടെ ജീവനാണു പ്രഥമ പ്രാധാന്യം നൽകിയത്. അതിനാലാണ് അവശ്യവസ്തുക്കൾ കൃത്യമായി എത്തിക്കാൻ ശ്രമിച്ചത്. ലോക്ഡൗണിനെ തുടർന്ന് തിരികെ പോകുന്നവർക്ക് ട്രെയിനിൽ ഉൾപ്പെടെ ഭക്ഷണം ഉറപ്പാക്കി. സഹായം ലഭ്യമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് ഇനി. 8.19 കോടി കർഷകരിലേക്ക് 2000 രൂപ വീതം എത്തിച്ചു, ആകെ ചെലവിട്ടത് 16,394 കോടി രൂപ.നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം വയോജനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 1405 കോടിയും രണ്ടാം ഘട്ടത്തിൽ 1402 കോടിയും ലഭ്യമാക്കി. 3000 കോടി രൂപ ആകെ ലഭ്യമാക്കുകയാണു ലക്ഷ്യം.

പാക്കേജിൽ മുപ്പത്തിമൂന്ന് പ്രഖ്യാപനങ്ങളും 11 സാമ്പത്തിക പരിഷ്കാര നടപടികളുമാണ് ഇതുവരെ ഉണ്ടായത്. സാമ്പത്തിക പരിഷ്കാരമല്ല, സഹായമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നേരിട്ട് ധനസഹായം എത്തിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ലോക്‌ഡൗണിനു പിന്നാലെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജനങ്ങൾക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിച്ചതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങൾക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ്സിഐ കാര്യക്ഷമമായി പ്രവർത്തിച്ചു.