ഇന്ത്യ- അമേരിക്ക സൗഹൃദം ശക്തമാകുന്നു; വെന്റിലേറ്ററുകൾ നൽകിയ ട്രംപിന് നന്ദി അറിയിച്ച് മോദി

ന്യൂഡെൽഹി: കൊറോണക്കെതിരെ പോരാടാൻ ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും ഈ മഹാമാരിയെ രാജ്യങ്ങൾ ഒരുമിച്ചാണ് നേരിടേണ്ടതെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൊണൾഡ് ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയത്.

നമ്മൾ എല്ലാവരും ഈ മഹാമാരിയെ ഒന്നിച്ച് നേരിടണം. ഈ സമയത്താണ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ടതിന്റെ പ്രാധാന്യം മനസിലാകുക. കഴിവിന്റെ പരമാവധി ഉപയോഗിച്ച് ലോകത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കാനും കൊറോണ മുക്തമാക്കാനും സാധിക്കണം. ഇന്ത്യ- അമേരിക്ക സൗഹൃദം കൂടുതൽ ശക്തമാകുന്നു എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.

കൊറോണ വൈറസ് വാക്‌സിൻ വികസിപ്പിക്കാൻ അമേരിക്കയും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അമേരിക്ക ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് നന്ദി അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോൾ രംഗത്ത്‌ എത്തിയിരിക്കുന്നത്.

ഈ പകർച്ചവ്യാധിയുടെ സമയത്ത് അമേരിക്ക ഇന്ത്യയോടും നരേന്ദ്രമോഡിയോടും ഒപ്പം നിൽക്കുന്നു. വാക്സിൻ വികസനത്തിനും അമേരിക്ക സഹരിക്കുമെന്നും ഞങ്ങൾ ഒരുമിച്ച് അദൃശ്യ ശത്രുവിനെ കീഴടക്കുമെന്നാണ് ട്രംപ് ട്വീറ്ററിൽ കുറിച്ചത്.