മദ്യശാലകൾ അടയ്ക്കാൻ ഹർജി; താക്കീത് ; അഭിഭാഷകന് ഒരുലക്ഷത്തിൻ്റെ പിഴ;

ന്യൂഡൽഹി: ഇതുപോലുളള ഒരുപാട് ഹർജികൾ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങൾ പിഴ ചുമത്തും.’ജസ്റ്റിസ് റാവു – മദ്യശാലകൾ
അടയ്ക്കണമെന്ന അഭിഭാഷകൻ്റെ ഹർജി തള്ളി സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴയും സുപ്രീംകോടതി ചുമത്തി. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകൾ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

ഹർജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹർജികൾ സമർപ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. കോടതി ഇത്തരം നിസാര ഹർജികൾ സമർപ്പിക്കുന്നവർക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എൽ.നാഗേശ്വര റാവു, എസ്.കെ.കൗൾ, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.

മദ്യശാലകൾ തുറന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കുമാർ എന്ന അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

വീഡിയോ കോൺഫറൻസിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓർമിപ്പിച്ചു. എന്നാൽ അതും മദ്യവില്പനയുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു ജസ്റ്റിസ് റാവുവിന്റെ മറുചോദ്യം.