തൊഴിലാളികൾക്ക് തിരിച്ചടി; മുഴുവൻ ശമ്പളം നൽകാത്ത കമ്പനികൾ; തൽക്കാലം നടപടി വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി : കൊറോണ മൂലം രാജ്യവ്യാപകമായി എല്ലാ തൊഴിൽ മേഖലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മുഴുവൻ ശമ്പളം നൽകാൻ വെെകുന്ന കമ്പനികൾക്കെതിരെ ഒരാഴ്ച ത്തേക്ക് നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികൾക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് സുപ്രീം കോടതിയുടെ വിധി.

ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ കമ്പനികൾക്കും സംരംഭകർക്കുമെതിരെ ഇവർ ശമ്പളം നൽകാത്തതിന്റെ പേരിൽ അടുത്ത ഒരാഴ്ച്ച വരെ നടപടി എടുക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ വിവിധ വ്യവസായ യൂണിറ്റുകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഉത്പാദനം നടക്കാത്തതിനാൽ തൊഴിലാളികൾക്ക് പൂർണമായും കൂലി കൊടുക്കാൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ പരാതിപ്പെട്ടിരുന്നു. അതേസമയം കൂലി ലഭിക്കാത്തതിന്റെ പേരിൽ തൊഴിലാളികളും പ്രക്ഷോഭമായി രംഗത്ത എത്തിയിരുന്നു. പല സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടുക വരെ ചെയ്തിരുന്നു.

കമ്പനികൾ തൊഴിലാളികൾക്ക് മുഴുവന്‍ ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എല്‍എന്‍ റാവു, എസ്‌കെ കൗള്‍, ബിആര്‍ ഗവായി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. എന്നാൽ വിശാലമായി കാണേണ്ട ഈ പ്രശ്നത്തിന് സർക്കാർ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു.