പൊതു സ്ഥലങ്ങളില്‍ തുപ്പലും പുകയില ഉല്‍പ്പന്നങ്ങൾ നിരോധിക്കാനും കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അഭ്യര്‍ഥിച്ചു. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു.

പുകയില ചവയ്ക്കുന്നവര്‍ക്കു പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന ശീലമുണ്ട്. ഇത് കൊറോണ പോലെയുള്ള രോഗങ്ങള്‍ പടരാന്‍ കാരണമാവുമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ഹര്‍ഷ വര്‍ധന്‍ ചൂണ്ടിക്കാട്ടി.

”ബീഡി, സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ വൃത്തിയില്ലാത്ത പരിസരങ്ങള്‍ക്കു കാരണമാവും. ഇതു പല രോഗങ്ങളെയും പടര്‍ത്തും. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതും രോഗ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.