കുവൈറ്റ് പൊതുമാപ്പു നൽകിയിട്ടും ഇന്ത്യ നീതി വൈകിച്ചു ; തൊഴുകൈകളോടെ ജന്മനാട് സ്വപ്നം കണ്ട് ആയിരങ്ങൾ

കുവൈറ്റ് : കരഞ്ഞു കലങ്ങിയ കണ്ണുകൾ. ഉള്ളം തകർന്ന വേദന, ഉയരുന്ന നെടുവീർപ്പുകൾ, ഇല്ലായ്മകൾ…. എല്ലാം സഹിക്കാവുന്നതിനപ്പുറം സങ്കൽപ്പിക്കാവുന്നതിനപ്പുറം. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് കയ്യോടെ പിടികൂടിയ രാജ്യം നിരുപാധികം മാപ്പ് നൽകിയിട്ട് അത് അംഗീകരിക്കാൻ ജന്മനാട് എന്തേ ഇത്ര വൈകി.ഇത്ര ക്രൂരമാകാമായിരുന്നോ സ്വന്തം ജനതയോട് ഇന്ത്യയുടെ സമീപനം.

രണ്ടു വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നുയർപ്പോഴും കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങാൻ കഴിയാത്തവർക്ക് നിസംഗത മാറുന്നില്ല. കൊറോണ ഭീതിയിൽ ജീവൻ കൊതിച്ച്, ജന്മനാട് സ്വപ്നം കണ്ട് അകലങ്ങളിൽ കഴിയുമ്പോൾ അത് അകന്നു പോകുന്നതിൽ നിരാശരായി അനേകായിരങ്ങൾ. ഇതൊരു ദയനീയ ചിത്രമാണ്. ചരിത്രത്തിൽ പോലും അപൂർവ്വം. ഇതൊരു യുദ്ധമാണ് ജീവൻ നിലനിർത്താനും വിജയിക്കാനുമുള്ള യുദ്ധം.

കുവൈറ്റിലെ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ തിരിക്കാൻ കാത്തിരിക്കുന്ന, ശേഷിക്കുന്ന ഇന്ത്യക്കാരാണ് ഇനിയും ദുരിതക്കയം താണ്ടാൻ കൊതിക്കുന്നത്.

കുവൈറ്റ് മാപ്പ് നൽകി; ഇന്ത്യ കാരുണ്യം കാട്ടിയില്ല

മതിയായ രേഖകളില്ലാത്ത അയ്യായിരത്തിലേറെ പേർക്ക് കുവൈറ്റ് പൊതുമാപ്പ് നൽകി. ഇവരെ ഇന്ത്യയിലേക്ക് അയക്കാൻ സന്നദ്ധമായെങ്കിലും കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകാൻ വൈകിയതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. വിമാന യാത്രാ സൗകര്യവുമൊരുക്കാത്തതും കാര്യങ്ങൾ സങ്കീർണമാക്കി.

രണ്ടു പതിറ്റാണ്ടു മുതൽ ഒരാഴ്ച മുമ്പുവരെ മതിയായ രേഖകളില്ലാതെ കുവൈറ്റിൽ എത്തിയവർക്കാണ് രാജ്യം പൊതുമാപ്പ് നൽകിയത്. ഇത് പ്രയോജനപ്പെടുത്തുന്നവർക്ക്‌ ഭീമമായ പിഴ സംഖ്യ ഒഴിവാക്കിയതോടൊപ്പം സൗജന്യ യാത്രാ ടിക്കറ്റും താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങളും ഏർപ്പാടാക്കുകയും ചെയ്തു. തിരിച്ചു പോകുന്നവർക്ക്‌ നിയമ പ്രശ്നങ്ങളില്ലാതെ പുതിയ വിസയിൽ രാജ്യത്തേക്ക്‌ മടങ്ങി വരാനുള്ള അവസരവും നൽകുമെന്ന് പ്രഖ്യാപിച്ച്‌ കുവൈറ്റ് സർക്കാർ കാരുണ്യത്തിന്റെയും ഉദാരതയുടെയും മാതൃകയായി.

കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിലാണ് ഇത്രയധികം അനധികൃത താമസക്കാർക്ക്‌ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു കുവൈറ്റ് പൊതു മാപ്പ്‌ പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് നാട്ടിലേക്ക് മടങ്ങാൻ സമയമനുവദിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാനിരുന്നവരെ ഏപ്രിൽ 16 മുതൽ കുവൈറ്റ് വിവിധ ക്യാമ്പുകളിലാക്കിയിരുന്നു. എന്നാൽ ഇന്ത്യാ ഗവൺമെൻ്റ് ഇവരുടെ വരവിന് അനുമതി നൽകുന്നത് നീണ്ടു. തുടർന്നാണു ഇവരുടെ തിരിച്ചു പോക്ക്‌ വൈകിയത്. പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് കേന്ദ്ര സർക്കാരിന് രേഖാമൂലം ഉറപ്പു നൽകിയതാണ്. ഡെൽഹിയിലെ കുവൈറ്റ് അംബാസിഡർ കേന്ദ്ര വിദേശകാര്യ മന്ത്രാലത്തിലെത്തി അറിയിക്കുകയും ചെയ്തു.

എന്നാൽ കേന്ദ്ര സർക്കാർ കുവൈറ്റ് നിർദ്ദേശം തള്ളി കളഞ്ഞതിനൊപ്പം അന്യനാട്ടിൽ ഒരുഗതിയും പരഗതിയുമില്ലാതെ കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ വിമാനങ്ങളൊന്നും ക്രമീകരിക്കാതെ ഇക്കാര്യത്തിൽ പുലർത്തിയ അലംഭാവം ഇന്ത്യക്കാരിൽ നിരാശ പടർത്തി. മറ്റു രാജ്യങ്ങളിലെ മുഴുവൻ പൗരന്മാരെയും തിരിച്ചയക്കാൻ കഴിഞ്ഞിട്ടും ഇന്ത്യ മാത്രമാണു തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ ഇത്‌ വരെ തയ്യാറാകാത്തതെന്നത് സ്ഥിതി സങ്കീർണ്ണമാക്കി.
കേന്ദ്ര തീരുമാനം വൈകിയപ്പോൾ ഇന്നലെ കുവൈറ്റ് തന്നെ രണ്ടു വിമാനങ്ങളിലായി 374 പേരെയാണ് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് കയറ്റി അയച്ചത്. ബാക്കിയുള്ള അനേകായിരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

സ്ഥിതി ദയനീയം; ആശങ്കാജനകം ; ഗുരുതരം

പൊതുമാപ്പു നൽകിയവരെ പരമാവധി 7 ദിവസത്തിനകം തിരിച്ചയക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുവൈറ്റ് സർക്കാർ ഇവർക്ക് ക്യാമ്പുകളൊരുത്തിയത്. ഇത്‌ അനുസരിച്ചുള്ള സൗകര്യങ്ങളാണു ഓരോ ക്യാമ്പിലും ക്രമീകരിച്ചതും. എന്നാൽ ഒരു മാസമായതോടെ ക്യാമ്പുകൾ പലതും കൊറോണ വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. പലരും കൊറോണ വൈറസ്‌ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്‌.

ഇവരുടെ താമസവുമായി ബന്ധപ്പെട്ട്‌ കുവൈറ്റ് സർക്കാർ പരിമിതമായ സജ്ജീകരിച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യം കൊറോണ പ്രതിരോധത്തിൽ ശ്രദ്ധിക്കുമ്പോൾ പല ക്യാമ്പുകളിലും ദുരിതപ്പെരുമഴയാണ്.
96 പേർ കഴിയുന്ന ഒരു ക്യാമ്പിൽ 12 ശുചി മുറികൾ മാത്രമാണുള്ളത്‌. ഇത്തരത്തിൽ 5000 ത്തോളം ഇന്ത്യക്കാരാണു വിവിധ ക്യാമ്പുകളിൽ കഴിയുന്നത്‌. പല ക്യാമ്പുകളും കൊടും മരുഭൂമിയിലായതിനാൽ വിഷപാമ്പ് ശല്യവും ഏറെയാണെന്ന് അന്തേവാസികൾ പറയുന്നു.

പകൽ സമയങ്ങളിൽ മരുഭൂമിയിലെ അത്യുഷ്ണം സഹിച്ചാണ് രോഗികളും പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കം ക്യാമ്പുകളിൽ ദിവസങ്ങൾ തള്ളി നീക്കുന്നത്‌. വിദൂര പ്രദേശമായതിനാൽ അടിയന്തിര ഘട്ടങളിൽ ചികിൽസ ലഭ്യമാക്കാനുള്ള തടസ്സവും നിലനിൽക്കുന്നുണ്ട്‌. രണ്ടാഴ്ച ഈ ക്യാമ്പുകളിൽ ചിലയിടങ്ങളിൽ ചിക്കൻ പോക്സ്‌ പടർന്നിരുന്നു. പ്രതിസന്ധികളുടെ നടുവിൽ എത്ര പേർക്ക് ജന്മനാട്ടിൽ തിരിച്ചെത്താനാവും. അവർ കാത്തിരിക്കുകയാണ്. കാത്തിരിപ്പിന് ശുഭപര്യവസനാനം ഉണ്ടാകുമെന്ന വിശ്വാസത്തിൽ.

ഇനി വൈകരുത്; കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണം

ഇപ്പോൾ വഴി തുറക്കപ്പെട്ടിരിക്കുന്നു. ഇനി അത് അടയ്ക്കരുത്. കുവൈറ്റ് തുടങ്ങി വച്ച ദൗത്യം പൂർത്തികരിക്കാൻ അവരെ അനുവദിക്കണം. ലോകത്തിലെ ഓരോ പൗരനും ജന്മനാട് അവകാശമുണ്ട്. അത് മനുഷ്യാവകാശമാണ് . നിഷേധിക്കാൻ ഒരു ഭരണാധികാരിക്കും ആവില്ല. ഇന്ത്യ ഇക്കാര്യത്തിൽ നിസംഗത വെടിഞ്ഞ് ശക്തമായ ഇടപെടൽ നടത്തി ഇവരെ നാട്ടിലെത്തിക്കുക. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.