ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കി

ന്യൂഡെൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. കൂടാതെ
ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി. എന്നാൽ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരികെ നൽകുമെന്നും റെയിൽവെ അറിയിച്ചു.

എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. മെയില്‍,എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, സബ് അര്‍ബന്‍ ഉള്‍പ്പടെയുള്ള പാസഞ്ചര്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്. 

അതേസമയം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല്‍ യാത്രയ്ക്ക് മുമ്പ് നടത്തിയ സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര നിഷേധിക്കപ്പെട്ടവര്‍ക്കും മുടക്കിയ ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. ഇതിനായി ടിടിഇയുടെ സാക്ഷ്യപത്രം സഹിതം ഓണ്‍ലൈനായി യാത്ര നിഷേധിക്കപ്പെട്ട് 10 ദിവസത്തിനകം ടിഡിആര്‍ ഫയല്‍ ചെയ്യണമെന്നും റെയില്‍വെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ മാസം റെയില്‍വേ 1,490 കോടി രൂപ ടിക്കറ്റ് ഇനത്തില്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിരുന്നു. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ മൂലം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 94 ലക്ഷം യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കിയത്.