ബാബൂ, എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കാൻ കഴിയുക?; മോദിയെ പരിഹസിച്ച് അഖിലേഷ്

ന്യൂഡെൽഹി : പ്രധാനമന്ത്രിയുടേത് വെറും പൊള്ള വാഗ്ദാനമാണെന്നും 133 കോടി ഇന്ത്യക്കാരെ അദ്ദേഹം കബളിപ്പിക്കുകയാണെന്നുമാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

കൊറോണ പ്രതിരോധത്തിനായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ട്വിറ്ററിൽ അഖിലേഷ് യാദവ് രംഗത്ത് എത്തിയത്.

‘ആദ്യം 15 ലക്ഷത്തിന്റെ പൊള്ളവാഗ്ദാനമായിരുന്നു. ഇപ്പോൾ, 20 ലക്ഷം കോടിയുടെ അവകാശവാദം. ഇപ്രാവശ്യം 133 കോടി ജനങ്ങൾക്ക് 133 ഇരട്ടി വലുപ്പമുള്ള വാഗ്ദാനമാണ് നൽകുന്നത്. ബാബൂ, എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കാൻ കഴിയുക? ഇപ്പോൾ ജനങ്ങൾ 20 ലക്ഷത്തിൽ എത്ര പൂജ്യമുണ്ടെന്ന് ചോദിക്കാറില്ല. പകരം അതിൽ ഉണ്ടയില്ലാ വെടികൾ എത്രയാണെന്നാണ് ചോദിക്കുന്നത് എന്നാണ് അഖിലേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നരേന്ദ്രമോദിയുടെ പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിനെ വിമർശിച്ചുകൊണ്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരവും നേരത്തെ രംഗത്ത എത്തിയിരുന്നു. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് നരേന്ദ്ര മോദിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനമെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.