ന്യൂഡല്‍ഹി : പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവ്വീസ് ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കാനിരിക്കേ, ഇന്നലെ രാത്രി 9.15 വരെ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത് 54,000 പേര്‍. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നു. ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നതായി റെയില്‍വെ അറിയിച്ചു.
വെളളിയാഴ്ചത്തെ തിരുവനന്തപുരം -ഡല്‍ഹി ട്രെയിന്റെ ടിക്കറ്റ് നിരക്ക് 2,930 രൂപയാണ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള നിരക്ക് 2,890 രൂപയാണ്. ഇന്നലെ വൈകീട്ട് നാലുമുതല്‍ ഐആര്‍സിടിസി വെബ് സൈറ്റ് വഴി ബുക്കിംഗ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ബുക്കിങ് സമയം ആറുവരെ നീട്ടിയിരുന്നു.
തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്, ചരക്കുതീവണ്ടികള്‍ക്ക് പുറമെ, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.
ഡല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്നത്. ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി മാത്രമാകും ടിക്കറ്റുകള്‍ ലഭിക്കുക.
സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്‌റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിച്ചു. അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും റെയില്‍വേ അറിയിച്ചു.