പച്ചക്കറി വണ്ടിയില്‍ കര്‍ണാടകയില്‍ നിന്ന് ഹാന്‍സ് കടത്ത്; മൊത്ത കച്ചവടക്കാരനെ പിടികൂടി

കോഴിക്കോട്: പച്ചക്കറി വണ്ടിയില്‍ കര്‍ണാടകയില്‍ നിന്ന് ഹാന്‍സ് കടത്തി വില്‍പ്പന നടത്തുന്ന മൊത്ത കച്ചവടക്കാരനെ ബാലുശ്ശേരി പൊലീസ് പിടികൂടി. ഉണ്ണികുളം മങ്ങാട് നീരോലിപ്പില്‍ അബ്ദുല്‍ ജമാലി(42)നെയാണ് എസ്‌ഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 8910 പാക്കറ്റ് ഹാന്‍സാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. താമരശ്ശേരി, ബാലുശ്ശേരി മേഖലകളില്‍ ഹാന്‍സ് മൊത്ത വിതരണം നടത്തുന്നയാളാണ് ജമാല്‍.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബ്ദുല്‍ ജമാലിന്റെ കാറിന്റെ ഡിക്കിയില്‍ നിന്നും ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ ഹാന്‍സിന്റെ കൂടുതല്‍ ശേഖരം കണ്ടെത്തുകയും ചെയ്തു.

കര്‍ണാടകയില്‍ ഒരു പായ്ക്കറ്റിന് അഞ്ചു രൂപ മാത്രം വിലയുള്ള ഹാന്‍സ് ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ 150 രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്. പിടിച്ചെടുത്ത ഹാന്‍സ് ശേഖരത്തിന് 13 ലക്ഷത്തോളം രൂപ വിലവരും. ഹാന്‍സ് കടത്താനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
[