ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ സമയം നീട്ടി

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്കുളള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്റെ സമയം നീട്ടി. ഇന്ന് വൈകീട്ട് നാലുമണിമുതല്‍ ഐആര്‍സിടിസി വെബ് സൈറ്റ് വഴി ബുക്കിംഗ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. ഇത് ആറുമണിയിലേക്ക് നീട്ടി. സമയം നീട്ടാനുളള കാരണം വ്യക്തമല്ല. സാങ്കേതിക കാരണങ്ങളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്, ചരക്കുതീവണ്ടികള്‍ക്ക് പുറമെ, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.

ഡല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്നത്. ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി മാത്രമാകും ടിക്കറ്റുകള്‍ ലഭിക്കുക.