ഇന്ത്യയിൽ മരണം 2206 കടന്നു: 24 മണിക്കൂറിനുള്ളിൽ 4213 പുതിയ കേസുകൾ

ന്യൂഡല്‍ഹി :കൊറോണ രോഗബാധിതർ പെരുകുന്നതിനൊപ്പം രാജ്യത്ത് മരണങ്ങളും വർധിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 4213 പേര്‍ക്കാണ്. ഇതാദ്യമായാണ് ഒരു ദിവസം 4000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 67,152 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊറോണ ബാധിച്ച് മരിച്ചത് 97 പേരാണ്. ഇതോടെ കൊറോണ മരണം 2206 ആയി. സ്ഥിതി ഏറെ ഗുരുതരമായ മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 832 പേരാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ ബാധിതര്‍ 22,171 ആയി.

ഗുജറാത്തില്‍ 8195 പേരും ഡല്‍ഹിയില്‍ 6923 പേരും തമിഴ്നാട്ടിൽ 7204 പേരും കൊറോണ ബാധിച്ച് ചികിൽസയിലാണ്.

ഗുജറാത്തില്‍ 493 പേരും മധ്യപ്രദേശില്‍ 215 പേരും കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 20,917 പേര്‍ കൊറോണ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.