മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശക്തമായ നെഞ്ചുവേദനയെ തുടർന്ന് മന്‍മോഹന്‍സിങ്ങിനെ ഇന്നലെ വൈകുന്നേരം എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം മരുന്നിൽനിന്നുണ്ടായ അലർജി കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ അദ്ദേഹത്തിന് പനി, ശ്വാസതടസ്സം പോലുള്ള രോഗങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ എയിംസ് അധികൃതർ നിഷേധിച്ചു.

കാർഡിയോളജി പ്രൊഫസർ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ മൻമോഹൻ സിങ്. മാർച്ച് മാസത്തിൽ പാർലമെന്റ് പിരിഞ്ഞതിന് പിന്നാലെയുണ്ടായ വീഴ്ചയെ തുടർന്ന് മൻമോഹൻ സിങ്ങിന് പൂർണവിശ്രമം നിർദേശിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന് ഇതിന് മുൻപ് രണ്ടു തവണ ബൈപാസ് സര്‍ജറിയ്ക്ക് വിധേയനാക്കിട്ടുണ്ട് . കൂടാതെ ഇദ്ദേഹത്തിന് പ്രമേഹരോഗവുമുണ്ട്.