റായ്പ്പൂർ : മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അജിത് ജോഗിയുടെ ഗുരുതരവസ്ഥയിൽ. ശനിയാഴ്ച അബോധാവസ്ഥയിലായതിനെ തുടർന്ന് അജിത് ജോഗിയെ
റായ്‌പൂരിലെ ശ്രീ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ
ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ അദ്ദേഹത്തെ
വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അജിത് ജോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം ഇപ്പോൾ സാധാരരീതിയിൽ തന്നെയാണ്.
രക്തസമ്മർദ്ദം നിയന്ത്രിച്ചിരിക്കുന്നത് മരുന്നുകളുടെ സഹായത്താലാണ്. തലച്ചോറിലേക്ക് ഓക്സിജൻ തടസ്സമുണ്ടായതുകാരണം തലച്ചോറിന് തകരാറുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ, ജോഗിയുടെ ന്യൂറോളജിക്കൽ പ്രവർത്തനം ഏതാണ്ട് പ്രവർത്തന രഹിതമാണ്. ലളിതമായി പറഞ്ഞാൽ, അദ്ദേഹം കോമയിലേക്ക് വഴുതിപ്പോയിരിക്കുന്നു എന്നാണ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സുനിൽ ഖേംക അറിയിച്ചത്.
ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. സംസ്ഥാന രൂപീകരണത്തിനു ശേഷം 2007വരെ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ചു. കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലുമെത്തുകയും ചെയ്തിട്ടുണ്ട്.