ന്യൂഡൽഹി: രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും 400 കോടി വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ഒരു കമ്പനി ഉടമകൂടി രാജ്യം വിട്ടു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പ്പ എടുത്ത് പണം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടത്. എസ്ബിഐ യാണ് ഇപ്പോൾ പരാതിയുമായി രംഗത്ത എത്തിയിരിക്കുന്നത്.
173.11 കോടി രൂപയാണ് രാം ദേവ് ഇന്റർനാഷണൽ എസ്ബിഐയിൽ നിന്ന് വായ്പഎടുത്തത്. കാനറാ ബാങ്കിൽ നിന്ന് 76.09 കോടി രൂപയും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 64.31 കോടിയും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 51.31 കോടി രൂപയും, 36.91 കോടി രൂപ കോർപറേഷൻ ബാങ്കിൽ നിന്നും, 12.27 കോടി രൂപ ഐഡിബിഐ ബാങ്കിൽ നിന്നും രാം ദേവ് ഇന്റർനാഷണൽ വായ്പയെടുത്തിട്ടുണ്ട്.ഇതുകൂടാതെ മുസദി ലാൽ കൃഷ്ണ ലാൽ എന്ന സ്ഥാപനത്തിന് രാം ദേവ് ഇന്റർനാഷണൽ 30 ലക്ഷം രൂപ നൽകാനുണ്ടെന്നും പരാതി ഉയർന്നു വന്നിട്ടുണ്ട്.
2016 മുതൽ രാം ദേവ് ഇന്റർനാഷണൽ കമ്പനിക്കാരെ കാണാതായിട്ടുണ്ട്. തുടർന്ന് നാല് വർഷത്തിന് ശേഷം ഫെബ്രുവരി 25-നാണ് എസ്ബിഐ ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്. ഇതനുസരിച്ച് സിബിഐ ഏപ്രിൽ 28ന് കേസ് ഫയൽ ചെയ്യുകയും ചെയ്തു.
എസ്ബിഐയുടെ പരാതിയെ തുടർന്ന് കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, അജ്ഞാതരായ പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വിശ്വാസ വഞ്ചന, കള്ളയൊപ്പിടൽ, അഴിമതി തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർ വ്യാജ അക്കൗണ്ടുകൾവഴി കൃത്രിമ ബാലൻസ് ഷീറ്റുണ്ടാക്കുകയും ബാങ്ക് ഫണ്ടുകളുടെ ചെലവിൽ പ്ലാന്റും മറ്റു യന്ത്രസാമഗ്രികളും നിയവിരുദ്ധമായി നീക്കം ചെയ്യുകയും ചെയ്തതായി 2016-ൽ ബാങ്ക് എസ്ബിഐ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയതായി പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇതുവരെ കമ്പനിയുടെ ആളുകളെ കണ്ടെത്താനായിട്ടില്ലെന്നും ഇവർ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന ലഭിക്കുന്നതെന്നുമാണ് എസ് ബി ഐ പറയുന്നത്.