വെങ്കിടാപുരത്തെ ഫാക്ടറിയിയിൽ രണ്ടാമത് വിഷവാതകം ചോർന്നില്ല: ദേശീയ ദുരന്തനിവാരണ സേന 

ന്യൂഡൽഹി: വിശാഖപട്ടണത്തെ ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിയിൽ നിന്നും രണ്ടാമതും വിഷ വാതകം ചോരുന്നുയെന്നു പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നു ദേശീയ ദുരന്ത നിവാരണ സേനാ മേധാവി എസ് എൻ പ്രധാൻ അറിയിച്ചു.

ജനങ്ങൾ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വ്യാഴാഴ്ച രാത്രി സംഭവസ്ഥലത്തെത്തിയ വിദഗ്ധർ ചോർച്ച നിർത്താനുള്ള പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പ്രധാൻ പറഞ്ഞു.

പ്ലാന്റിൽ നിന്നും രണ്ടാമതും ചോർച്ച ഉണ്ടാകുന്നു എന്നതിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളും മാധ്യമ റിപ്പോർട്ടുകളും ഉണ്ട്, അത് ശരിയല്ലെന്ന് എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ചോർച്ച നിർത്തുന്നതുമായി സംബന്ധിച്ചുള്ള പ്രക്രിയയുടെ ഭാഗമായുള്ള ഒരു സാങ്കേതിക പ്രശ്നമാണ് പുക പുറത്തുവരുന്നത്. ഇത് കണ്ടാണ് രണ്ടാമതും വാതക ചോർച്ച ഉണ്ടാകുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നത്. ചോർച്ചയുമായി ഇതിന് യാതൊരു ബന്ധവുമില്ല, അതിനാൽ രണ്ടാമത്തെ ചോർച്ചയുണ്ടെന്നുള്ള കാര്യം അടിസ്ഥാന രഹിതമാണെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) വിദഗ്ധരും മറ്റുള്ളവരും പൂനെയിൽ നിന്നും നാഗ്പൂരിൽ നിന്നും രാത്രിയിൽ സംഭവസ്ഥലത്തെത്തി. ഇന്നലെ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചോർച്ച സ്ഥലം അവർ സന്ദർശിച്ചു. ചോർച്ച നിർവീര്യമാക്കുന്നതിന് പുതുതായി ആവശ്യമായ രാസവസ്തുക്കൾ ദമാനിൽ നിന്ന് അയച്ചിട്ടുണ്ടെന്നും അത് ആവശ്യമായ അളവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.കെമിക്കൽ ഫാക്ടറിയിൽ വാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിക്കുകയും 1,000 പേരെ ഇത് ബാധിച്ചതായും കേന്ദ്രം അറിയിച്ചിരുന്നു.