വഴികളിലാകെ ബോധമറ്റ് സ്ത്രീകളും കുഞ്ഞുങ്ങളും; ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ; ഭോപ്പാൽ ഓർമ്മിപ്പിച്ച് വെങ്കട്ടപ്പുരം

വിശാഖപട്ടണം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മുന്നില്‍ ഇടിത്തീപോലെയാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം വന്നുവീണത്. 160 പേരെ പ്രവേശിപ്പിച്ച കിങ് ജോര്‍ജ് ആശുപത്രിയില്‍ വലിയ തിരക്കാണ്.
വെങ്കട്ടപ്പുരത്തെ വഴികളിലാകെ ബോധമറ്റ് കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും. നിവർന്നുനിൽക്കാൻ കഴിയാതെ പലരും തളർന്നുവീണു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി..
എന്നാല്‍ ഒട്ടും സമയം പാഴാക്കാന്‍ നില്‍ക്കാതെ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരും മറ്റും.

ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തര ഘട്ടത്തെ നേരിടാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

പത്തുപേരെയാണ് ഇതുവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഏഴുപതോളം പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രിയപ്പെട്ടവരെ തിരക്കി ബന്ധുക്കള്‍ കൂട്ടത്തോടെ വന്നത് ആശുപത്രിയില്‍ തിക്കും തിരക്കുമുണ്ടാക്കി. അതേസമയം, വിഷവാതക ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേര്‍ മരിച്ചതായി ഹോസ്പിറ്റല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വെങ്കിട്ടപുരത്തെ കനാലില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി. വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്.

വിഷവാതകം വ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ തെരുവുകളിലും മറ്റും ബോധരഹിതരായി കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലവും ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, ദേശീയ ദ്രുതപ്രതികരണ സേനാ വിഭാഗത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായി സംസാരിച്ചു. എല്ലാവിധ സഹായങ്ങളും കേന്ദ്രം ഉറപ്പുനല്‍കിയതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഭോപ്പാൽ ദുരന്തത്തെ ഓർമപ്പെടുത്ത ദൃശ്യങ്ങളായിരുന്നു പുലർച്ചെ വിശാഖപട്ടണത്ത് കണ്ടത്. മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി വീണു. ഓവുചാലിലും കിണറ്റിലുമായാണ് ഓരോ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രസവാതകം ചോർന്ന് എട്ട് വയസ്സുകാരി ഉൾപ്പെടെ ഒമ്പത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്നത്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണങ്ങളുണ്ടായിരുന്നില്ല

മാത്രമല്ല കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി തെരുവിൽ വീണുകിടക്കുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വിഷവാതക ചോര്‍ച്ച ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് വെങ്കട്ടപുരം.ഉറക്കത്തിലായിരുന്നു എല്ലാവരും. വേനൽക്കാലമായതിനാൽ ജനലുകൾ തുറന്നിട്ടിരുന്നു. വീടിനുളളിൽ പുക നിറഞ്ഞ് ദുർഗന്ധം വമിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അപകടം മണത്തവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടി. കിണറ്റിൽ വീണ് ഒരാൾ മരിച്ചു. പാതിവഴിയിൽ പലരും വീണുപോയി. പുറത്തിറങ്ങാൻ പൊലീസ് നിരന്തരം അറിയിപ്പ് കൊടുത്തിട്ടും പലവീടുകളിൽ നിന്നും പ്രതികരണം ഉണ്ടായില്ല. വാതകച്ചോർച്ച നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ വീടുകൾ കയറി ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. ബോധമറ്റ അവസ്ഥയിലായിരുന്നു കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം. ഓടിപ്പോകാൻ കഴിയാതിരുന്ന കന്നുകാലികൾ ശ്വാസം കിട്ടാതെ വീണു.

വലിയ തോതിൽ വിഷവാതകം ശ്വസിച്ചവർക്കേ ഗുരുതര പ്രശ്നം ഉണ്ടാകൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നു. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പൊലീസും അധികൃതരും ഒഴിപ്പിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്‌റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്. വിഷവാതക ചോര്‍ച്ച അടച്ചിട്ടുണ്ട്.