വെങ്കട്ടപ്പുരത്തെ വിഷവാതകചോര്‍ച്ച : ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

ഹൈദരാബാദ്: വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകാനും നിര്‍ദ്ദേശം നല്‍കി.

ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർച്ച ഉണ്ടായത്.