ന്യൂഡെൽഹി : ജഡ്ജിമാർ കോടതിയിലിരിക്കുമ്പോൾ അവരുടെ മതവിശ്വാസങ്ങൾ മറക്കണമെന്നു
സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. സുപ്രീംകോടതിയിൽ ബുധനാഴ്ച വിരമിച്ച ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് സഹജഡ്ജിമാർ നടത്തിയ വിർച്വൽ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ഭരണഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധപുസ്തകം, ജഡ്ജിമാർ കോടതിയിലിരിക്കുമ്പോൾ അവരുടെ മതവിശ്വാസങ്ങൾ മറക്കണം. അവരുടെ ഗീതയും ഖുർആനും ബൈബിളുമെല്ലാം ഭരണഘടനയാണെന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞത്.
അഭിഭാഷകർ ഭൂരിഭാഗം പേരും ഇപ്പോൾ നിയമത്തിന് വേണ്ടിയല്ല വാദിക്കുന്നത്. അവരുടെ ആശയങ്ങൾക്കും രാഷ്ട്രീയങ്ങൾക്കും വേണ്ടി മാത്രമാണ് വാദിക്കുന്നത്. സമ്പന്നനായ ഒരാൾ കോടതി കയറിയിറങ്ങിയില്ലെങ്കിലും അവരുടെ കാര്യങ്ങൾ വളരെ പെട്ടന്ന് നടക്കും. എന്നാൽ താഴെ തട്ടിലുള്ളവരുടെ കാര്യം അങ്ങനെ അല്ല. ഇതുപോലൊരു സാഹചര്യത്തിലാണ് ദരിദ്രരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്. സ്വന്തമായി ശബ്ദമില്ലാത്തവരാണ് ഇവിടെ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കോടതി ഇവരെയും കേൾക്കാനെങ്കിലും തയ്യാറാവണം. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ദയവായി ചെയ്യുകയെന്നും വേണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ലോക്ഡൗണിനെ തുടർന്ന് നിയന്ത്രങ്ങൾ നിലനിൽക്കുന്നതു കൊണ്ടാണ് വിരമിക്കുന്ന ജഡ്ജിമാർക്ക് വീഡിയോ കോൺഫറൻസിലൂടെ യാത്രയയപ്പ് നൽകിയത്. കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വിരമിക്കുന്ന ജഡ്ജിക്ക് വിർച്വൽ യാത്രയയപ്പ് നൽകുന്നത്.