തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തേണ്ട മലയാളികള്‍ക്ക് നല്‍കുന്ന പാസ് വിതരണം തത്കാലം നിര്‍ത്തി. നിലവില്‍ പാസ് ലഭിച്ചവരെ ക്വാറന്റൈനില്‍ ആക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് പാസ് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന 43,000 പേര്‍ക്കാണ് പാസ് നല്‍കിയത്.
ഇതില്‍ ഏഴായിരത്തോളം പേര്‍ നാട്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പലരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതിനിടെയാണ് ഇവരെ സര്‍ക്കാര്‍ പ്രത്യേകം ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നത്. ഈ പശ്ചാത്തലത്തില്‍ എല്ലാവരെയും കണ്ടെത്തി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുതിയ പാസുകള്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതായത് 43000 പേരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നത് വരെ പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ നടപടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ പാസുകള്‍ നല്‍കി തുടങ്ങും.
നിലവില്‍ രാജ്യത്തെ 130 റെഡ്‌സോണുകള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു ചെറിയ പ്രദേശമല്ല. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതില്‍ പെടുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഒട്ടുമിക്ക ആളുകളെയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരും. റെഡ് സോണുകളില്‍ നിന്ന് അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളും സംസ്ഥാനം കണ്ടെത്തിയിരിക്കുന്ന 130 റെഡ് സോണുകളില്‍ വരും. അതിനാല്‍ അതിര്‍ത്തി കടന്നുവരുന്ന ഒട്ടുമിക്ക ആളുകളെയും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.