മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് നീട്ടി; ക്രൂരമെന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ: പൊതു സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇവരെ കരുതൽ തടങ്കലിൽ ആക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ബിൽ ലോക്സഭ പാസാക്കിയത്. ഇതിന് മുന്നോടിയായാണ് നാഷണൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഒമർ അബ്ദുള്ളയേയും പിതാവ് ഫാറൂഖ് അബ്ദുള്ളയേയും മെഹബൂബ മുഫ്തിക്കൊപ്പം ഓഗസ്റ്റിൽ തടങ്കലിലാക്കിയതായിരുന്നു.
എന്നാൽ ഇരുവരേയും ആഴ്ചകൾക്ക് മുമ്പ് വിട്ടയച്ചു.

കഴിഞ്ഞ മാസം മുതലാണ് മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയത്.
വിചാരണ കൂടാതെ ആരെയും കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം.

എന്നാൽ മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരമാണെന്നാണ് ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.