കർണാടകത്തിൽ 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ്; കൃഷിക്കാർ, പുഷ്പ കർഷകർ, സംരംഭകർ, കൈത്തറി നെയ്ത്തുകാർ, അലക്കുകാർ, ബാർബർ, ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ആശ്വാസം

ബെംഗളൂരു: ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായവർക്ക് 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ.

ചെറുകിട കർഷകർ, ഇടത്തരം സംരംഭകർ, കൈത്തറി നെയ്ത്തുകാർ, പുഷ്പകൃഷി ചെയ്യുന്നവർ, അലക്കുകാർ, ബാർബർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്കയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുഷ്പകൃഷിക്കാർക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം ലഭിക്കും. ബാർബർമാർക്കും അലക്കുതൊഴിലാളികൾക്കും 5,000 രൂപ വീതം ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കും. ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും ഒറ്റത്തവണ 5,000 രൂപവീതം ധനസഹായം ലഭ്യമാകും.

നിർമാണ തൊഴിലാളികൾക്ക് 3000 രൂപ കൂടി അധികമായി നൽകും. ഇവർക്ക് നേരത്തെ 2000 രൂപ നൽകിയിരുന്നു. ഇതിന് പുറമെയാണ് പുതിയ പാക്കേജിൽ കൂടി ഇവർക്കായി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 60,000 അലക്കുകാർക്കും, 2,30,000 ബാർബർമാർക്കും 5000 രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈത്തറി തൊഴിലാളികൾക്ക് 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതിതള്ളും. വൻകിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകൾ രണ്ടു മാസത്തേക്ക് മാറ്റിവെയ്ക്കും. തുടങ്ങിയ കാര്യങ്ങളാണ് ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊറോണ മഹാമാരി എല്ലാ മേഖലലെയും ഒരുപോലെയാണ് ബാധിച്ചിരിക്കുന്നതെന്നും അതുകൊണ്ട് എല്ലാവര്ക്കും ധനസഹായം ലഭ്യമാക്കുമെന്നും ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കി.