ബംഗ്ലാദേശിലേക്ക് ചരക്ക് നീക്കം തടഞ്ഞു; പശ്ചിമ ബംഗാൾ സർക്കാരിനെതിരേ കേന്ദ്രം

ന്യൂഡെൽഹി : പലതവണ നിർദ്ദേശങ്ങൾ നൽകിയിട്ടും അതിർത്തിയിലൂടെ ബംഗ്ലാദേശിലേക്ക് ചരക്ക് കയറ്റി അയക്കാത്ത പശ്ചിമ ബംഗാൾ സർക്കാരിനെതിരേ കേന്ദ്രത്തിൻ്റെ രൂക്ഷ വിമർശനം.

ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവുകൾ സംസ്ഥാനം ലംഘിക്കുകയാണെന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹയ്ക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പരാമർശിച്ചു. ഇത്തരം പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അവശ്യവസ്തുക്കളുടെ അതിർത്തി കടന്നുള്ള യാത്ര തടയുന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി അന്തർദ്ദേശീയ പ്രതിബദ്ധതകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഈ നീക്കം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്നതിന് തുല്യമാണ്. അതിർത്തി കടന്നുള്ള ഗതാഗതം സംബന്ധിച്ച് ഏപ്രിൽ 24 നാണ് കേന്ദ്രം നിർദേശം നൽകിയിരുന്നത്. ലോക് ഡൗണിലെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് അയൽ‌രാജ്യങ്ങളുമായുള്ള ഉടമ്പടി പ്രകാരം അതിർത്തി കടന്നുള്ള കച്ചവടത്തിനായി ചരക്ക് നീക്കുന്നത് തടയാൻ ഒരു സംസ്ഥാനത്തിനേ കേന്ദ്രഭരണ പ്രദേശത്തിനോ അനുമതിയില്ല.