പ്രവാസികളെ നാട്ടിലെത്തിക്കാൻ വ്യാഴാഴ്ച മുതൽ വിമാന സർവീസ്; ആദ്യ ആഴ്ച 14800 പേർ തിരികെയെത്തും

ന്യൂഡെൽഹി: ലോക് ഡൗൺ മൂലം കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യാഴാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കും.

അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികളുമായി ആദ്യ നാല് വിമാനങ്ങൾ മറ്റന്നാൾ കേരളത്തിലേത്തും. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സർവീസുകളാണുള്ളത്. 12 രാജ്യങ്ങളിൽ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ പ്രവാസികളെ തിരികെ എത്തിക്കുന്നത്. 14800 ഓളം പേർ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കും.

എംബസികൾ വഴി രജിസ്റ്റർ ചെയ്ത പ്രവാസികളെ മുൻഗണ ക്രമത്തിൽ ആയിരിക്കും തിരികെ എത്തിക്കുക.
ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ തിരികെ എത്തിക്കുന്നത്.
800 പേരാവും ആദ്യ ദിവസം എത്തുക.

ദുബായ് വിമാനം കേഴിക്കോടെക്കാണ് ആദ്യ ദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും.

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സർവീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.

രണ്ടാം ദിവസം ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും മൂന്നാം ദിവസം കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കും, ഒമാനിൽ നിന്ന് കൊച്ചിയിലേക്കും സർവിസുകൾ ഉണ്ടാകും.

നാലാം ദിവസം ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും, സിംഗപ്പൂരിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് ഉണ്ട് . അഞ്ചാം ദിവസം ദമാം (സൗദി അറേബ്യ)-കൊച്ചി, മനാമ – കോഴിക്കോട്, ദുബായ് – കൊച്ചി എന്നിവടങ്ങളിൽ നിന്ന് വിമാനം എത്തും. ആറാം ദിവസം കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം. ഏഴാമത്തെ ദിവസം കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും. ജിദ്ദ (സൗദി)യിൽ നിന്ന് കൊച്ചിയിലേക്കും സർവീസുണ്ട്.

ഏറ്റവും കൂടുതൽ സർവീസുകളുള്ളത് കേരളത്തിലേക്കാണ്. 15 സർവീസുകളാണ് ആദ്യ ആഴ്ചയിൽ കേരളത്തിലേക്കുള്ളത്
ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. ആദ്യ ആഴ്ച അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്,‌ മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

അതേസമയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ലഭിച്ചുള്ള റിപ്പോർട്ടുകളനുസരിച്ചാണിത്. എന്നാൽ ഇക്കാര്യത്തിൽ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.