52,841 രൂപയുടെ മദ്യം വാങ്ങി; വാങ്ങിയയാളും മദ്യവിൽപ്പനശാലയും കുടുങ്ങി

ബെംഗ‌ളൂരു : നഗരത്തിൽ 52,841 രൂപയുടെ മദ്യം വാങ്ങിയയാളും മദ്യവിൽപ്പനശാലയും കുടുങ്ങി. സംഭവം ശ്രദ്ധയിൽ പെട്ട കർണാടക എക്‌സൈസ് പരിധിയിൽ കൂടുതൽ മദ്യം വിറ്റതിന് വിൽപ്പനശാലയ്ക്കും വാങ്ങിയയാൾക്കുമെതിരെ കേസെടുത്തു. ലോക്ക്ക്‌ഡൗൺ ഇളവ് മുതലാക്കിയാണ് ഒരാൾ 52,841 രൂപയുടെ മദ്യം വാങ്ങിക്കൂട്ടിയത്. അമിതാവേശത്തിൽ ഇയാൾ ബിൽ വാട്‌സാപ്പിൽ ഷെയർ ചെയ്തു. ഇതോടെ മദ്യം വാങ്ങിയയാളും അത് വിൽപ്പന നടത്തിയ മദ്യശാലയും കുടുങ്ങുകയായിരുന്നു .

തിങ്കളാഴ്ചയാണ് വൻതുകയ്ക്ക് മദ്യം വാങ്ങിയ ബിൽ വാട്‌സാപിൽ പ്രചരിച്ചത്. ചില്ലറ വിൽപ്പനശാലകളിൽ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലീറ്ററിൽ കൂടുതൽ വിദേശമദ്യമോ 18 ലീറ്ററിൽ കുടുതൽ ബീയറോ വിൽക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്.

തിങ്കളാഴ്ച പ്രചരിച്ച ബില്ലിൽ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോൺ എന്ന മദ്യ ചില്ലറ വിൽപ്പന ശാലയ്ക്കെതിരെയാണ് കേസെടുത്തത്. ബിൽ പ്രകാരം 13.5 ലീറ്റർ വിദേശമദ്യവും 35 ലീറ്റർ ബിയറും വിറ്റതായാണ് തെളിവ്.
ഒറ്റബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് മദ്യശാല ഉടമയുടെ വാദം. ബാങ്കിന്റെ ഒറ്റ കാർഡിലൂടെ വിൽപന നടത്തിയതിനാലാണ് ഒറ്റ ബിൽനൽകേണ്ടിവന്നതെന്നാണ് വിശദീകരണമെന്നും ഇതിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമാകും നടപടി
സ്വീകരിക്കുകയെന്നും എക്സൈസ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, ഇത്തരത്തിൽ കൂടുതൽ മദ്യം വാങ്ങിയ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മംഗളൂരുവിലെ ഒരു മദ്യശാലയിൽ നിന്ന് തിങ്കളാഴ്ച 59,952 രൂപയുടെ മദ്യം വാങ്ങിയ ബില്ലും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.