കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് 85 ശതമാനം കേന്ദ്രം വഹിക്കും;15 ശതമാനം സംസ്ഥാനങ്ങളും; കേന്ദ്ര നിർദേശമായി

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമ്പോള്‍ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ടിക്കറ്റ് ചാര്‍ജിന്റെ 85 ശതമാനം റെയില്‍വേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളില്‍നിന്ന് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. അതേസമയം, കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചാര്‍ജ് കോണ്‍ഗ്രസ് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് നേതാവ് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് കേന്ദ്ര സർക്കാർ പഴയ നിലപാട് മാറ്റി പുതിയ തീരുമാനമെടുത്തത്.

‘സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. തൊഴിലാളികളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ‘

സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളെ മാത്രമേ റെയില്‍വേ മന്ത്രാലയം അംഗീകരിക്കുകയുള്ളു. അവര്‍ക്ക് ടിക്കറ്റിന് പണം അടക്കേണ്ടതില്ല. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.