തിരുവനന്തപുരം: പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങാൻ ട്രെയിൻ ടിക്കറ്റിനുളള പണം നൽകാമെന്ന കോൺഗ്രസ് പ്രസിഡൻറ് സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം ബിജെപിയെ വെട്ടിലാക്കി. പിന്നെ എല്ലാം പെട്ടെന്നായി. തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രം 85 ശതമാനം വഹിക്കുമെന്നും സംസ്ഥാനങ്ങൾ ബാക്കി 15 ശതമാനം നൽകണമെന്നും അനൗദ്യോഗിക പ്രഖ്യാപനവും വന്നു. നേരത്തേ പല സംസ്ഥാനങ്ങളും ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ കൈകഴുകുകയായിരുന്നു.ഇക്കാര്യത്തിൽ ഉടൻ കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം ഉണ്ടാകും.
പണമില്ലാത്ത തൊഴിലാളികൾക്കു ടിക്കറ്റിനുളള പണം നൽകാമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതാണു കേന്ദ്രത്തെ വെട്ടിലാക്കിയത്.
കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ റെയിൽവേ പണം നൽകാതെ സർവീസ് നടത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. 8 മുതൽ 12 ലക്ഷം രൂപ വരെയാണു ഒരു സർവീസിൽ നിന്നു റെയിൽവേയ്ക്കു ലഭിക്കുന്നത്. നോൺ സ്റ്റോപ്പ് ട്രെയിനായതിനാൽ ടിക്കറ്റ് നിരക്കിനും റിസർവേഷൻ നിരക്കിനും പുറമേ 20 രൂപയാണു അധികം ഈടാക്കുന്നത്. രണ്ടിരട്ടി നിരക്ക് ഈടാക്കുന്ന സുവിധ ട്രെയിനുകളല്ലെന്ന ആശ്വാസത്തിലാണു തൊഴിലാളികൾ.
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും ആലുവയിലും യാത്ര ചെയ്യാനെത്തിയ തൊഴിലാളികൾ മിക്കവരും പണം നൽകി ടിക്കറ്റ് എടുത്തിരുന്നു. ഒരു സർവീസിൽ 15 മുതൽ 20 പേരാണു പലപ്പോഴും പണമില്ലാതെ വരുന്നത്. ഇവർക്ക് ആദ്യ 2 ദിവസം സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ പണമുളളവർ മാത്രം യാത്രയ്ക്കു തയാറായാൽ മതിയെന്ന നിർദേശമാണു ലേബർ ക്യാംപുകളിൽ നൽകുന്നത്. ഇതു മൂലം പണമില്ലാത്തവർ കടം വാങ്ങിയും മറ്റുമാണു യാത്രയ്ക്കു തയാറാകുന്നത്. തൊഴിലാളികളിൽ ചിലരെങ്കിലും തങ്ങളുടെ സംസ്ഥാനങ്ങൾ ടിക്കറ്റിനു പണം നൽകുമെന്ന ധാരണയിലാണ് യാത്രയ്ക്ക് ഒരുങ്ങുന്നുത്.
എന്നാൽ സംസ്ഥാനങ്ങളൊന്നും ഇതിനു തയാറായിട്ടില്ല. ഈ ഘട്ടത്തിലാണു തൊഴിലാളികളുടെ കൈയിൽ നിന്നു തന്നെ പണം ഈടാക്കാൻ കേരളം തീരുമാനിച്ചത്. അതേ സമയം തിരികെ എത്തുന്ന തൊഴിലാളികൾക്കു ബിഹാർ സൗജന്യ വസ്ത്രവും ഭക്ഷണവും നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്ന എല്ലാ തൊഴിലാളികളുടേയും യാത്രാ ചെലവ് വഹിക്കുമെന്നു ചത്തീസ്ഖഡ് സർക്കാർ പ്രഖ്യാപിച്ചു