മലയാളികൾ ഇന്ന് മുതൽ തിരിച്ചെത്തും ; രോഗമില്ലാത്തവർക്ക് ഗ്യഹ നിരീക്ഷണം

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഇന്ന് മുതൽ കേരളത്തിലേക്ക് തിരിച്ചെത്തും.

സർക്കാർ നിർദേശ പ്രകാരം മാത്രമേ യാത്ര അനുവദിക്കുകയുള്ളു. അഞ്ചുസീറ്റ് വാഹനത്തിൽ നാലുപേർ, ഏഴുസീറ്റ് വാഹനത്തിൽ അഞ്ചുപേർ, വാനിൽ പത്തുപേർ, ബസിൽ 25 പേർ എന്നിങ്ങനെയാണ് യാത്രചെയ്യേണ്ടത്.

തിരിച്ചെത്തി ആരോഗ്യ പരിശോധന പൂർത്തിയാക്കിയശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലോ പ്രത്യേക കേന്ദ്രത്തിലോ ക്വാറന്റൈനിലാക്കും. ഇവരെ മൊബൈൽ നമ്പർ ഉപയോഗിച്ച് പിന്തുടരും. പ്രാദേശികമായി ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുകയും ചെയ്യും.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ മഞ്ചേശ്വരം എന്നീ അതിർത്തികവാടങ്ങൾ വഴിയാണ് ഇവരെ കേരളത്തിലേക്ക് എത്തിക്കുന്നത്. അതാത് സംസ്ഥാനങ്ങളുടെ യാത്രാനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവരെ കേരളത്തിലേക്ക് തിരിച്ചു വരാൻ സമ്മതിക്കു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് അതിർത്തിയിലെത്താനുള്ള അനുമതി.
അതിനു ശേഷം എത്തുന്നവരെ കടത്തിവിടുന്നതല്ല.

മടങ്ങിവരാൻ 1,50,054 പേരാണ് ഇതിനകം നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്ക് യാത്ര പാസ്സ് നോർക്ക നൽകി തുടങ്ങി.