ഡെൽഹി ,മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ നഗരങ്ങൾ ആശങ്കയിൽ; ഇന്ത്യ മൂന്നാം ഘട്ട ലോക്ക്ഡൗണിൽ

ന്യൂഡെൽഹി: മുംബൈ, ഡെൽഹി, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ നഗരങ്ങളിലെ കൊറോണ രോഗബാധ ആശങ്കാജനകമായി ഉയരുന്നു. ദിവസേന ആയിരക്കണക്കിന് പേർ രോഗബാധിതരാകുന്നത് സംസ്ഥാന സർക്കാരുകളെ അസ്വസ്ഥാരാക്കുന്നു. രോഗബാധ കൂടുതൽ ഉള്ള 20 സ്ഥലങ്ങളിൽ ഇന്ന് കൂടുതൽ കേന്ദ്രസംഘങ്ങൾ എത്തും.

അതിനിടെ ഇന്ത്യ മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമായത്. രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും. ലോക്ക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.

രാജ്യത്തെ മൂന്നിൽ രണ്ട് ജനസംഖ്യയും നിലവിൽ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകൾ നൽകുമ്പോൾ രോഗവ്യാപനം കുറച്ചുകൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീർണമായ ദൗത്യമാണ് രാജ്യത്തെ ഭരണസംവിധാനത്തിനും ജനങ്ങൾക്കും മുന്നിലുള്ളത്.