രാജ്യതലസ്ഥാനം ഒറ്റപ്പെട്ടു; ഡെല്‍ഹി മുഴുവൻ റെഡ്‌ സോണില്‍; ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തി അടച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ്‌ സോണില്‍ വന്നതോടെ ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു.ഇതോടെ രാജ്യ തലസ്ഥാനമായ ഡെല്‍ഹി പൂർണമായും ഒറ്റപ്പെട്ടു. അതിര്‍ത്തി കടക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇളവില്ലെന്നാണ്‌ ഹരിയാനയുടെ നിലപാട്‌.

ഡെല്‍ഹിയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ ഗുഡ്‌ഗാവ്‌, നോയിഡ എന്നിവിടങ്ങളില്‍ താമസിക്കുന്നുണ്ട്‌. ഇവരെ നിയന്ത്രണങ്ങള്‍ ബാധിക്കും.

യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല്‌ പാതകളും അടച്ചു. അതിര്‍ത്തി കടക്കാന്‍ ഉത്തര്‍പ്രദേശ്‌ പ്രത്യേക കര്‍ഫ്യൂ പാസ്‌ ഏര്‍പ്പെടുത്തി. ഡെല്‍ഹിയിലേക്കോ, ഡെല്‍ഹിക്ക്‌ പുറത്തേക്കോ യാത്ര ചെയ്യേണ്ട ആരേയും ഹരിയാന കടത്തി വിടില്ല. അതിര്‍ത്തിക്കപ്പുറത്ത്‌ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ഇവിടെ ഇളവില്ല.

ചരക്ക്‌ വാഹനങ്ങള്‍ക്ക്‌ നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ്‌ വെള്ളിയാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന്‌ ഹരിയാനയും ഉത്തര്‍പ്രദേശും പിന്‍വലിച്ചു.