പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് ആവർത്തിച്ച് കേജരിവാൾ

ന്യൂഡെൽഹി: കൊറോണ രോഗികൾക്ക് പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് ആവർത്തിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. പ്ലാസ്മ തെറാപ്പി വഴി രോഗം ഭേദമായ ഡൽഹിയിലെ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതായും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ്‌ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയിലാണ് ആദ്യം പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്.എന്നാൽ ഇയാൾ പ്ലാസ്മ തെറാപ്പി മൂലം രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേജരിവാൾ അറിയിച്ചു.

അതേസമയം മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയ ആദ്യ രോഗി മരിച്ചിരുന്നു. 53കാരനായ രോഗി ഏപ്രിൽ 29 ന് മരിച്ചതായി മുംബൈ ലീലാവതി ഹോസ്പിറ്റൽ സി ഇ ഒ ഡോ. രവിശങ്കറാണ് അറിയിച്ചിരുന്നു.

നിലവിൽ പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയായി പരിഗണിക്കാൻ സാധിക്കില്ലയെന്നും ഇപ്പോൾ നടക്കുന്നത് പരീക്ഷണങ്ങൾ ആണെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇതുസംബന്ധിച്ച് പഠനം നടത്തിവരികയാണെന്നുമാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചിരുന്നത്.
ശരിയായ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണ്ണതകൾക്കിടയാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.