സൂറത്ത്: കൊറോണ ഐസൊലേഷൻ വാർഡിൽ നിന്നും കാണാതായ രോഗിയെ മോർച്ചറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിലാണ് സംഭവം.
ഏപ്രിൽ 21 നാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ വാർഡിൽ നിന്നും കാണാതാവുകയായിരുന്നു. പോലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയ്ക്ക് സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചോ മറ്റോ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കൊറോണ രോഗികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാത്തതിനാൽ വൈറസ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോർട്ട് ചെയ്തതായി എൻസിഎച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയും മകളും ഇപ്പോൾ ക്വാറന്റൈനിലാണ്.
ആശുപത്രി വാസത്തിനിടെ ബന്ധുക്കളെ കാണാൻ സാധിക്കാത്തതിനാൽ ഇയാൾ ദുഃഖിതനായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. അതേസമയം രോഗി വാർഡിൽ നിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൊറോണ രോഗികൾക്ക് യൂണിഫോം നൽകുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.