നാട്ടിലേക്ക് മടക്കം; ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നീണ്ട നിര; ഒന്നിച്ച് മടങ്ങാനാവില്ല: ഡിജിപി

കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ച രജിസ്ട്രേഷൻ കൗണ്ടറിൽ നീണ്ട നിര. എല്ലാവർക്കും ഒരുമിച്ച് മടങ്ങാൻ സാധിക്കില്ലെന്ന കാര്യം പോലീസുകാർ ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നു
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ പെരുമ്പാവൂരില്‍ നൂറുകണക്കിന സ്ത്രീകളും കുട്ടികളുകളുമാണ് രജിസ്ട്രേഷൻ കൗണ്ടറിൽ ക്യു നിന്നത്. എന്നാൽ എല്ലാവർക്കും ഒരുമിച്ചു പോകാൻ സാധിക്കില്ലായെന്ന കാര്യം ഡിവൈ.എസ്.പി. തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. അറിയിച്ചു. ഏതെങ്കിലും തരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് പ്രത്യേക പോലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിർത്താൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബഹ്റ അറിയിച്ചു.

ഇതിനായി ഇതര സംസ്ഥാനതൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും ഹോം ഗാർഡുകളുടെയും സേവനം വിനിയോഗിക്കും. കെഎസ്ആര്‍ടിസി ബസില്‍ തൊഴിലാളികളെ ആലുവ റയില്‍വേ സ്റ്റേഷനിലാണ് എത്തിക്കുക. ഒരു ബസില്‍ 30 പേര്‍ക്ക് മാത്രമേ സഞ്ചരിക്കാൻ അനുവദിക്കു. സ്റ്റേഷനില്‍ ഏർപ്പെടുത്തിയിരിക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമേ ഇവരെ യാത്ര ചെയ്യാൻ അനുവദിക്കൂ.

അതേസമയം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഇന്നത്തെ സംരംഭം വിജയിച്ചാല്‍ നാളെ അഞ്ച് ട്രെയിനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ഓടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു