വിവാഹത്തിന് 100 കിലോമീറ്റർ സൈക്കിളിൽ വരൻ തനിയെ ; താരമായി വധുവുമായി നാട്ടിൽ

ഉത്തർപ്രദേശ്: സൈക്കിൾ ചവിട്ടി കല്യാണം കഴിക്കാൻ പോയി താരമായി കൽക്കു പ്രജാപതി. നിശ്ചയിച്ച സമയത്തെത്തിച്ചേരാൻ 100 കിലോമീറ്റർ ദൂരയുള്ള വധൂഗൃഹത്തിലേക്ക് ഒറ്റയ്ക്ക് സൈക്കിളിൽ പോയാണ് ഇരുപത്തിമുന്നുകാരനായ കൽക്കു താരമായത്. തിരികെ വരുമ്പോൾ വധു റിങ്കിയും സൈക്കിളിൽ ഒപ്പമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഹമിർപുർ ജില്ലക്കാരനായ കൽക്കുവിന്റെ വിവാഹത്തീയതി കൊറോണവ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പാണ് നിശ്ചയിച്ചത്. നാലഞ്ച് മാസം മുമ്പായിരുന്നു നിശ്ചയം. മഹോബ ജില്ലയിലാണ് റിങ്കിയുടെ വീട്. വധൂഗൃഹത്തിൽ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു. പത്താം ക്ലാസ് പാസായതിന് ശേഷം കൃഷിപ്പണി ചെയ്യുകയാണ് കൽക്കു.

കൽക്കുവിന്റെ അമ്മ അസുഖമായി കിടപ്പിലായതിനാലും ലോക്ക്ഡൗൺ അവസാനിക്കുന്നതിനെ കുറിച്ച് ഉറപ്പൊന്നുമില്ലാത്തതിനാലുമാണ് വിവാഹം മാറ്റി വെക്കാത്തതെന്ന് കൽക്കുവിന്റെ വീട്ടുകാർ പറഞ്ഞു. വിവാഹത്തിന് വേണ്ട അത്യാവശ്യ ചടങ്ങുകൾ മാത്രമാണ് നടത്തിയത്. നാട്ടുകാർക്കുള്ള സൽക്കാരമൊക്കെ ലോക്ക്ഡൗണിന് ശേഷം നടത്താനായി മാറ്റിവെച്ചിരിക്കുകയാണ്.

വിവാഹത്തിനായി ഉറപ്പിച്ച തീയതിയും സമയവും മാറ്റുന്നതിനെ കുറിച്ച് ഇരുപത്തിമുന്നുകാരനായ കൽക്കു പ്രജാപതിയ്ക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

വിവാഹത്തിനുള്ള അനുമതിക്കായി പ്രാദേശിക ഭരണാധികാരികൾക്ക് കൽക്കുവിന്റെ വീട്ടുകാർ അപേക്ഷ നൽകി. എന്നാൽ ഏപ്രിൽ 25 വരെ വിവാഹത്തിനുള്ള അനുമതി ലഭിച്ചില്ല. ബന്ധുക്കളെ കൂട്ടി വിവാഹത്തിന് പോകാൻ ഒരു സാധ്യതയും കൽക്കുവിന്റെ മുന്നിൽ തെളിഞ്ഞില്ല. ഒറ്റയ്ക്ക് പോകാം എന്നായി തുടർന്നുള്ള തീരുമാനം.ലൈസൻസ് ഇല്ലാത്തതിനാൽ ബൈക്ക് യാത്ര ഉപേക്ഷിച്ചു.

രാവിലെ തന്നെ ജീൻസും ടീഷർട്ടും മാസ്കായി കർച്ചീഫും ധരിച്ച് കൽക്കു പുറപ്പെട്ടു. വിവാഹം മഹോബയിലെ ഒരു അമ്പലത്തിൽ വെച്ചാണ് നടത്തിയത്. വധുവും വരനും മാസ്ക് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. തിരിച്ചും യാത്ര സൈക്കിളിൽ തന്നെയാക്കി. ഇത്രയും ദൂരം പുറകിലൊരാളെ ഇരുത്തി സൈക്കിളോടിക്കുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് കൽക്കു പറഞ്ഞു. വധുവിനേയും കൂട്ടി തിരികെ വീട്ടിലെത്തുന്വോൾ അതീവക്ഷീണിതനായതായും കാലുകളിലെ പേശികളിലെ വേദന മാറ്റാൻ ഗുളിക കഴിക്കേണ്ടി വന്നതായും കൽക്കു കൂട്ടിച്ചേർത്തു.