ഇതര സംസ്ഥാന തൊഴിലാളികൾക്കായി നാളെ അഞ്ച് ട്രെയിനുകൾ

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി നാളെ കേരളത്തിൽ നിന്നും അഞ്ച് പ്രത്യേക ട്രെയിനുകൾ സർവ്വീസ് നടത്തും. വിവിധ സംസ്ഥാനങ്ങളിലേക്കാകും നോൺ സ്റ്റോപ്പ് ട്രെയിനുകൾ. സംസ്ഥാനം നിർദേശിക്കുന്ന സ്ഥലങ്ങളിലേക്കാകും ട്രെയിനുകളെന്ന് റയിൽവേ അറിയിച്ചു. ട്രെയിനുകൾ പുറപ്പെടുന്ന സമയം സംബന്ധിച്ച് ഉടൻ വ്യക്തത വരും.

ഇതര സംസ്ഥാന തൊഴിലാളികളിൽ തിരിച്ചു പോകാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ദിവസ വേതനക്കാർ മര വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അഥിതി തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

റവന്യു, പോലീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീമാണ് കണക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഏഴു ടീം പെരുമ്പാവൂരിലും മൂന്ന്‍ ടീം മുവാറ്റുപുഴയിലും രണ്ട് ടീം കോതമംഗലം ഭാഗത്തും കണക്കെടുപ്പ് നടത്തുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. .

ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സം​സ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെയും കൊണ്ടുപോവുക.

എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷൻ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.