ന്യൂഡെൽഹി : കൊറോണ പരിശോധന കിറ്റ് ഇറക്കുമതിയിലെ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്ന തരത്തിലാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യം ഒറ്റകെട്ടായി കൊറോണക്കെതിരെ പോരാടുമ്പോൾ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതെന്നും ഈ ദുഷിച്ച മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ രോഗ നിർണയത്തിന് പോലും കഷ്ടപ്പാടുകള്‍ നേരിടുമ്പോൾ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാതതാണെന്നും രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
245 രൂപയുടെ കൊറോണ പരിശോധന കിറ്റുകളാണ് 600 രൂപ നിരക്കിൽ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കരാർ വ്യവസ്ഥയെ കുറിച്ച് കമ്പനിക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒരു കമ്പനി ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.
അമിതലാഭം ഈടാക്കിയാണ് കമ്പനികൾ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ഇറക്കുമതി ചെയ്ത കിറ്റുകൾ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടർന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.