ലോക്ക്ഡൗൺ ഇന്ത്യയെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിക്കും: ഡി. സുബ്ബറാവു

ന്യൂഡെൽഹി : ദീർഘനാളത്തെ ലോക്ക്ഡൗൺ ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു അഭിപ്രായപ്പെട്ടു. കൊറോണ മഹാമാരി മൂലം ലോകമെമ്പാടും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ കൊറോണ
ഭീതി ഒഴിയുന്നതോടെ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാൾ വേഗത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പ്രതിസന്ധി ഉണ്ടാകുന്നതിന് രണ്ടുമാസം മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിൽ ആയിരുന്നു. ഇപ്പോഴത് പൂർണമായും നിലച്ചു. കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച അഞ്ച് ശതമാനമായിരുന്നു. അതിൽ നിന്ന് പൂജ്യത്തിലേക്കോ നെഗറ്റീവ് വളർച്ചയിലേക്കോ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, ഈ പ്രതിസന്ധിക്കുശേഷം മറ്റു രാജ്യങ്ങളെക്കാൾ വേഗത്തിൽ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും. അതേസമയം കൊറോണ പ്രതിസന്ധി തുടരുകയും ലോക്ക്ഡൗൺ ഉടൻ പിൻവലിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്താൽ ലക്ഷക്കണക്കിനാളുകൾ ദാരിദ്ര്യത്തിന്റെ വക്കിൽ എത്തുമെന്നും സുബ്ബറാവു പറഞ്ഞു.

കൊറോണ ഒരു പ്രകൃതി ദുരന്തമല്ലാത്തതിനാൽ
നമ്മുടെ അടിസ്ഥാന സൗകര്യങ്ങളൊന്നും നശിച്ചുപോയിട്ടില്ല. ഫാക്ടറികളും കടകമ്പോളങ്ങളും എല്ലാം അതേപടി നിലനിൽക്കുന്നുണ്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലുടൻ ജോലിക്കിറങ്ങാൻ രാജ്യത്തെ ജനങ്ങൾ സമ്പന്നരാണെന്നും സുബ്ബറാവു അഭിപ്രായപെട്ടു.