മഴയ്ക്കൊപ്പം കൊറോണ പെയ്തിറങ്ങുമെന്ന് അപകട മുന്നറിയിപ്പ് ; ജൂലൈ, ഓഗസ്റ്റ് ഇന്ത്യയിൽ നിർണായകം: വിദ​ഗ്ദർ

ദില്ലി: ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ രണ്ടാം ഘട്ട കൊറോണ വ്യാപനത്തിന്‍റെ സാധ്യതയുണ്ടാകുമെന്ന് വിദ​ഗ്ദർ. രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ശാരീരിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാലിച്ച് എങ്ങനെ ജനം മുന്നോട്ട് പോകുമെന്നതിനെ അനുസരിച്ചാകും കൊറോണയുടെ വ്യാപനമെന്നാണ് വിലയിരുത്തൽ.

കാലവര്‍ഷം കനത്താൽ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയാണ് ശാസ്ത്രലോകം ആശങ്കയോടെ മുന്നോട്ട് വെയ്ക്കുന്നത്. ഇന്നുവരെ ദിവസേന കൂടി വരുന്ന കൊറോണ കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങുമെന്നും അത് ആഴ്ചകളും മാസങ്ങളും നീണ്ടുനിന്നേക്കാമെന്നാണ് ശിവ്നാടാര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യ വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാല്‍, ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരുവര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ ആശങ്കയാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ രാജേഷ് സുന്ദരേശനും പങ്കുവെച്ചത്. രാജ്യം സാധാരണനിലയിലേക്ക് വീണ്ടും എത്തുമ്പോള്‍ കേസുകളില്‍ വര്‍ധന വന്നേക്കാമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.