ലോക്ക്ഡൗൺ കാറ്റിൽ പറത്തി; മതാധ്യാപകന്റെ സംസ്കാര ചടങ്ങുകളിൽ ലക്ഷങ്ങൾ

ബംഗ്ലാദേശ് : ലോക്ക്ഡൗൺ ലംഘിച്ച് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകൾ.
ബംഗ്ലാദേശിലെ ബ്രാമൺബാരിയ ജില്ലയിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് മതാധ്യാപകന്റെ സംസ്കാര ചടങ്ങുകളിൽ ലക്ഷ കണക്കിന് ആളുകൾ പങ്കെടുത്തത്.

മൗലാന സുബൈർ അമദ് അൻസാരി എന്ന മതപുരോഗിതന്റെ സംസ്കാരമാണ് നടന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഒരു സമയത്ത് അഞ്ചിൽ കൂടുതൽ ആൾക്കാർ പ്രാർഥനകൾക്കായി ഒത്തുകൂടാൻ പാടില്ലായെന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ ഒത്തുകൂടിയത്.

അതേസമയം സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രദേശത്തെ റോഡുകളിലും മറ്റുമായി പതിനായിരത്തോളം ആൾക്കാരാണ് ഉണ്ടായിരുന്നതെന്ന് ഇസ്ലാമിക് പാർട്ടി സെക്രട്ടറി ജനറൽ വ്യക്തമാക്കി. പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. അമ്പതിനായിരത്തിലധികം ആൾക്കാർ സംസ്കാര ചടങ്ങിൽ പങ്കെടുത്തുവെന്നും ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ചവരെ തടയാൻ സർക്കാർ യാതൊന്നും ചെയ്തില്ലെന്ന് കുറ്റപ്പൈടുത്തി കൊണ്ടായിരുന്നു തസ്ലിമ നസ്റിന്റെ ട്വീറ്റ്.

സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതായതിനെ തുടർന്ന് പോലീസ് സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരുന്നു. ഇത്രയും അധികം പേർ എങ്ങനെ അവിടെ ഒത്തുകൂടി എന്നത് സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് വക്താവ് സോഹേൽ റാണ പറഞ്ഞു.