മീററ്റിലെ ആൾക്കൂട്ടം; സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു;വിമർശനമുമായി ഹര്‍ഭജന്‍ സിങ്

മീററ്റ് : ലോക്ക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയ മീററ്റിലെ ജനങ്ങൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് ഈ ആളുകൾ അപകടത്തിലാക്കുന്നത് എന്നാണ് ഹര്‍ഭജന്‍ സിങ് പറഞ്ഞത്.

ലോക് ഡൗൺ നിലനിൽക്കുമ്പോഴും ഉത്തർപ്രദേശിലെ മീററ്റ് നഗരത്തിൽ ജനങ്ങൾ സാധാരണ ഗതിയില്‍ പുറത്തു കറങ്ങി നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി മീററ്റിലെ തെരുവുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. സാമൂഹിക അകലം പാലിക്കാതെയുള്ള ആളുകളുടെ കൂട്ടംകൂടല്‍ മീററ്റിലെ നിരത്തുകളിൽനിന്ന് ഒരു വ്യക്തി പകർത്തിയ സെൽഫി വിഡിയോയായിലൂടെയാണ് പുറം ലോകം കാണുന്നത്.

ഇതിനെതിരെയാണ് ക്രിക്കറ്റ്‌ താരം രംഗത്ത് എത്തിയത്.
പോലീസിനെ ടാഗ് ചെയ്ത് മാധ്യമപ്രവർത്തകനായ രോഹിത് സർദാന പങ്കുവെച്ച സെൽഫി വീഡിയോ റീട്വീറ്റ് ചെയ്താണ് ഹർഭജൻ ഇതിനെതിരെ പ്രതികരിച്ചത്.

ഇതുവരെ ഇവിടെ കൊറോണ സ്ഥിരീകരിച്ചത് 73 പേർക്കാണെന്നതില്‍ യാതൊരു ഉറപ്പുമില്ല. അതെല്ലാം ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്, സത്യത്തിൽ എത്ര പേർക്ക് രോഗബാധയുണ്ടെന്ന കാര്യം വ്യക്തമല്ല. ഇവർക്കെല്ലാം ദൈവം നല്ലബുദ്ധി കൊടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. അധികാരികളുടെ വാക്കുകൾ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അവർക്കു കഴിയണം. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ കൂടിയാണ് ഈ ആളുകൾ അപകടത്തിലാക്കുന്നത്. ദയവു ചെയ്ത് വീടുകളിൽ തന്നെ ഇരിക്കൂ’ എന്നാണ് ഹർഭജൻ ട്വിറ്ററില്‍ കുറിച്ചത്.

മീററ്റിൽ ഇതുവരെ 73 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്നു പേർ മരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.