മധ്യപ്രദേശിൽ 12 ദിവസം പ്രായമായ കുഞ്ഞിന് കൊറോണ ; രോഗബാധ ആശുപത്രിയിൽ നിന്ന്

ഭോപ്പാല്‍: മധ്യപ്രദേശിൽ സംസ്ഥാനത്ത് 12 ദിവസം പ്രായമായ കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. അതേസമയം കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊറോണ രോഗമില്ല. കുഞ്ഞിന് രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനിടെ മുംബൈയില്‍ ധാരാവിയിലെ ചേരിയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.

ഗുജറാത്തില്‍ ഇന്ന് മാത്രം 228 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1604 ആയി. ചെന്നൈയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട് സംസ്ഥാനത്ത് ആകെ 105 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 1477 ആയി.