കർണ്ണാടകയിൽ 12 മണിക്കൂറിനിടെ 38 പേർക്ക് കൊറോണ

ബംഗളൂരു: തുടർച്ചയായ രണ്ടാം ദിവസവും കർണാടകത്തിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 38 പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഇതിൽ 36 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
വയനാട് അതിർത്തിയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള നഞ്ചൻകോഡിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേർ കൂടി രോഗം സ്ഥിരീകരിച്ചു. ബെല്ലാരി, മണ്ഡ്യ എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 353 ആയി. ഇതിനിടെ, കർണാടകത്തിലെ കൊറോണ തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവം നടന്നതിന് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്.
അതേസമയം, ആന്ധ്രപ്രദേശിൽ 38 പേർക്ക് കൂടി കൊറോണ ബാധിച്ചു. ഇതോടെ, ആന്ധ്രപ്രദേശിൽ ആകെ രോഗികളുടെ എണ്ണം 572 ആയി.