കളിക്കിടെ യുവാവ് ചുമച്ചു; കൊറോണയെന്ന് ഉറപ്പിച്ച് വെടിവയ്പ്

നോയിഡ: കളിക്കുന്നതിനിടെ ചുമച്ചത് കൊറോണ കാരണമെന്ന് ആരോപിച്ച് യുവാവിനു നേരെ വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ദയാനഗര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം നടന്നത്.

നാല് പേര്‍ ചേര്‍ന്ന് ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ പ്രശാന്ത് എന്ന യുവാവ് ചുമച്ചു. ചുമകേട്ട് വീടിനകത്തുനിന്നും വന്ന ജയ് വീര്‍ എന്നയാൾ പ്രശാന്ത് ചുമച്ചു കൊറോണ പരത്തുകയാണെന്ന് ആരോപിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമായി.
തുടര്‍ന്ന് ജയ് വീര്‍ നാടന്‍ തോക്കുപയോഗിച്ച് പ്രശാന്തിന്റെ തുടയിലേക്ക് വെടിവെക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കൂടെയുള്ളവർ പ്രശാന്തിനെ അടുത്തുള്ള കൈലാഷ് ആശുപത്രിയിലേക്ക് മാറ്റി. അത്യാസന്ന നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയോടെ ജരാച പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ജയ് വീറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 വകുപ്പ് ചുമത്തി വധശ്രമത്തിന് പോലീസ് കേസെടുത്തു. സംഭവ ശേഷം ഒളിവില്‍ പോയ ജയ്‌വീറിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.