തമിഴ്നാട് അതിർത്തിയിലെ ജില്ലകളിൽ റെഡ് സോൺ; കേരളത്തിൽ കനത്ത ജാഗ്രത; സമീപ ഗ്രാമങ്ങൾ അടച്ചിടും

പാലക്കാട്: കേരളവുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തിരുനൽവേലി ജില്ലകളിൽ റെഡ് സോൺ പ്രഖ്യാപിച്ചതോടെ കേരളത്തിലും ജാഗ്രത.
മറ്റ് അതിർത്തി ജില്ലകളായ നീലഗിരി പത്തിൽ താഴെ രോഗികളുള്ള യെല്ലോ സോണിലും കന്യാകുമാരി ഇരുപതിൽ താഴെ രോഗികളുള്ള ഓറഞ്ച് സോണിലുമാണ്. ഇതേത്തുടർന്ന് അതിർത്തി ഗ്രാമങ്ങൾ കേരളം അടച്ചിടും.

ദേശീയ പാതയിൽ പരിശോധന കർശനമാക്കിയിട്ടും ചെക്പോസ്റ്റുകളും ഊടുവഴികളും അടച്ചിട്ടിട്ടും അതിർത്തി ഗ്രാമങ്ങളിലൂടെ ഇരു സംസ്ഥാനങ്ങളിലേക്കും നാട്ടുകാർ യാത്ര ചെയ്യുന്നുവെന്നും ഇതു രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

റെഡ് സോൺ ജില്ലകളിലെ ഊടുവഴികളും ജനവാസ മേഖലകളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കുമുള്ള റോഡുകളും തമിഴ്നാട് പെ‍ാലീസ് സീൽ ചെയ്യുന്നുണ്ട്. ആരേ‍ാഗ്യ പ്രവർത്തകർ വീടുതേ‍ാറും കയറിയിറങ്ങിയാണു പരിശേ‍ാധന. ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവരുടെ വീടുകളിലെ മുഴുവൻ പേരെയും പരിശേ‍ാധിച്ചു തുടങ്ങി. തിരുപ്പൂർ ജില്ലയിലെ അവിനാശി, കേ‍ായമ്പത്തൂർ ജില്ലയിലെ മേട്ടുപാളയം, പേ‍ാത്തനൂർ, അണ്ണൂർ, പെ‍ാള്ളാച്ചി –ആനമല, കേ‍ായമ്പത്തൂർ നഗരത്തിലെ ആർഎസ് പുരം, ഉക്കടം, കൗണ്ടർപാളയം, കുനിയമുത്തൂർ, ഉത്തുക്കുടി, ചേരമാനഗർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതയിലാണ് അധികൃതർ. തമിഴനാട്ടിൽ കൂടുതൽ രേ‍ാഗികൾ ചെന്നൈയിലാണ്. രണ്ടാമതു കേ‍ായമ്പത്തൂരും. അതിർത്തിയിൽ തമിഴ്നാട്, കേരള സംസ്ഥാനങ്ങളുടെ സംയുക്ത രേ‍ാഗപ്രതിരേ‍ാധ നടപടികൾക്കും നീക്കം തുടങ്ങി.

സ്വകാര്യ ആശുപത്രികൾ, ഡ‍േ‍ാക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള നടപടികൾക്കു തയാറാണെന്നു കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. കേരളം പൊലീസ്, ആരോഗ്യം, റവന്യു ഉദ്യോഗസ്ഥ സംഘത്തെ പ്രത്യേക പരിശോധനയ്ക്കു നിയോഗിച്ചു. ആദ്യഘട്ടത്തിൽ അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കു തമിഴ്, മലയാളം ഭാഷകളിൽ ബോധവൽകരണം നൽകി. അടുത്ത ദിവസങ്ങളിൽ ഇവിടെ പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധന ആരംഭിക്കും. നടപടികൾ നിയന്ത്രണ വിധേയമായില്ലെങ്കിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും കയർ കെട്ടിയും ഗ്രാമങ്ങൾ പൂർണമായി അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.